Sunday, October 5, 2008
ആത്മാവില്‍ തൊട്ടു വിളിച്ചത് പോലെ...
ഞായറാഴ്ച രാവിലെ എല്ലാവരും എന്ത് ചെയ്യാനാണ് ഇഷ്ടപെടുന്നത്? ഒരു ചൂടു ചായയുമായി പത്രത്തിന്റെയോ ടിവിയുടെയോ മുന്‍പില്‍ അമ്മ ചീത്ത പറയും വരെ കുത്തിയിരിക്കാന്‍.. അല്ലെ?? രാവിലെ ഓഫീസിലെ വരണ്ട തണുപ്പില്‍ , ബോറന്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ ഞായറാഴ്ച വീട്ടില്‍ ഇരിക്കുന്നവരോട് അസൂയ തോന്നി എന്നുള്ളത് സത്യം ...എന്തെങ്കിലും ഒന്നു എഴുതെടി ,എന്‍റെ വായനശീലം കളയല്ലേ എന്ന് പറഞ്ഞു എന്‍റെ സുഹൃത്ത് പറയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി...എന്ത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ കുറെ വിഷയങ്ങളും തന്നു..പക്ഷെ ഒന്നും അങ്ങ് ശരിയായില്ല.. എന്നാ പിന്നെ പാട്ടു കേള്‍ക്കാം എന്ന് കരുതി...പാടി തുടങ്ങിയത് എന്‍റെ വളരെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്..
"പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാന്‍ ഒരു പൂബറ്റയായിന്നു മാറി "
ഒരു മഞ്ഞുതുള്ളി മനസിലേക്ക് വീണത് പോലെ ഒരു കുളിര്‍മ്മ.. ചില പാട്ടുകള്‍, ചില ചിത്രങ്ങള്‍, ചില ബന്ധങ്ങള്‍ ഒക്കെ അങ്ങനെ അല്ലെ? അവയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ് ശാന്തമാവും പോലെ...ആത്മാവില്‍ തൊടാന്‍ കഴിവുള്ള ആ ബന്ധങ്ങളും പാട്ടുകളും ഒക്കെ നമ്മള്‍ ജീവനെ പോലെ ഇഷ്ടപെടുന്നു...
പ്രഭാതങ്ങളില്‍ പുല്‍ക്കൊടിതുബില്‍ ഇറ്റു വീഴാന്‍ നില്‍ക്കുന്ന മഞ്ഞുത്തുള്ളികള്‍ എനിക്ക് ഒരുപാടു പ്രിയപ്പെട്ട കാഴ്ചകളില്‍ ഒന്നാണ്...ജാലകച്ചില്ലില്‍ കൂടിയുള്ള മഴ...അസ്തമയ സൂര്യന്‍റെ ചുവപ്പ് ....കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി.. തട്ടികളിക്കുമ്പോള്‍ പിടിവിട്ടു ആകാശത്തിലേക്ക് ഉയര്‍ന്നു പോവുന്ന ബലൂണ്‍...ഒക്കെ എനിക്ക് ഏറെ പ്രിയപെട്ടതാണ്..എനിക്ക് അറിയാം നിങ്ങളില്‍ പലരുടെയും ഇഷ്ടങ്ങളില്‍ ഇവയില്‍ ഏതെങ്കിലും ഒക്കെ പെടും എന്ന്...
പരസ്പരം കാണാനോ സംസാരിക്കാനോ മറ്റുള്ളവര്‍ക്കായി അല്‍പ സമയം ചിലവഴിക്കാനോ നേരമില്ലാത്ത ഈ കാലത്തില്‍ ജീവിക്കുന്നുവെന്നും മനോഹരമായതെന്തോക്കെയോ നമുക്കു ചുറ്റും ഉണ്ടെന്നും തോന്നിപ്പിക്കുന്നതും ഇങ്ങനെ എന്തൊക്കെയോ ആണ്... ഓര്‍മയില്ലേ ആ പാട്ടു..സുകൃതത്തില്‍ മമ്മൂട്ടി പാടുന്നത്...
"എന്‍റെ വഴികളില്‍ മൂക സാന്ത്വനമായ പൂവുകളെ ..
എന്‍റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളെ നന്ദി..
മധുരമാം പാഥേയമായി തേന്‍ കനികള്‍ തന്ന തരുക്കളെ..
തളിരുമീ ഉടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ ...നന്ദി..."
പലപ്പോഴും പ്രകൃതിയുടെ ഈ സാന്ത്വനമാണ് നമുക്കു നഷ്ടപെടുന്നത്...ഒരുപാടു വിഷമം വരുമ്പോള്‍ ,അത് കേള്‍ക്കാന്‍ ആരും ഇല്ല എന്ന് തോന്നുമ്പോള്‍ ആകാശത്തില്‍ ഒറ്റപെട്ടു നില്‍ക്കുന്ന നക്ഷത്രങ്ങളോട് പറയാറുണ്ട് ഞാന്‍ എന്‍റെ വേദന...തോന്നാറില്ലേ നിങ്ങള്‍ക്കും ആരെങ്കിലും കേള്‍ക്കാന്‍ ഉണ്ടായിരുന്നു എങ്കിലെന്നു...ചിലപ്പോള്‍ ഒരു പരിഹാരം പോലും നമ്മള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല..ഒന്ന് കേള്‍ക്കാന്‍ ഒരാള്‍...പറഞ്ഞു തീരുമ്പോള്‍ ചിലപ്പോള്‍ ആ സങ്കടവും തീര്‍ന്നു പോയിട്ടുണ്ടാവും...നിശബ്ദമായ സാന്ത്വനം തരാന്‍ കഴിയുന്ന എത്രയോ കൂട്ടുകാരുണ്ട് നമുക്കു ചുറ്റും നമ്മള്‍ അറിയാതെ...
പറഞ്ഞു തുടങ്ങിയിടത്ത് അല്ല അല്ലെ തീര്‍ന്നത് ?? പക്ഷെ എന്തോ ഇങ്ങനെ നിര്‍ത്താന്‍ ആണ് തോന്നിയത്....കാരണം ഇങ്ങനെ മനസ്സില്‍ എവിടെയൊക്കെയോ അവശേഷിക്കുന്ന ചില ഇഷ്ടങ്ങളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..ജീവിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത്...ഗൃഹാതുരത്വം എന്ന് പറയാമോ? .....
സീറ്റിലേക്ക് ചാരിക്കിടന്നു കണ്ണുകള്‍ അടച്ചു ഞാന്‍ എന്‍റെ മനസിനെ എവിടെയൊക്കെയോ അലയാന്‍ വിട്ടു...മഞ്ഞു വീണു കിടക്കുന്ന വഴികളുടെ.....പ്രിയപ്പെട്ട കാഴ്ച്ചകള്‍ തേടി.. പശ്ചാത്തലത്തില്‍
"അരികില്‍ നീയുണ്ടയിരുന്നെന്കില്‍ ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി..."
Subscribe to:
Posts (Atom)